സാംസ്കാരിക, വിനോദസഞ്ചാര മേഖലകളിൽ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തി ഖത്തറും സൗദിയും. കൗൺസിൽ സാംസ്കാരിക-വിനോദസഞ്ചാര സമിതി ചെയർമാനും ഖത്തർ സാംസ്കാരിക മന്ത്രിയുമായ ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി കോ-ഓഡിനേഷൻ കൗൺസിൽ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി. അൽ ഉലയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവിസിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ബിൻ സഊദ്, ഖത്തർ-സൗദി കോഓഡിനേഷൻ സമിതിയുടെ സാംസ്കാരിക, വിനോദ, വിനോദസഞ്ചാര സമിതി, അൽ ഉല റോയൽ കമീഷൻ ഗവർണർ, ചെയർമാൻ എന്നിവരും പങ്കെടുത്തു.
അതേസമയം ദോഹയിൽ നിന്ന് അൽ ഉലയിലേക്കുള്ള വിമാന സർവിസ് സമിതിയുടെ ശ്രമങ്ങളുടെ വിജയമാണെന്ന് അബ്ദുറഹമാൻ ബിൻ ഹമദ് ആൽഥാനി കൂട്ടിച്ചേർത്തു. കൂടാതെ ഇരുരാജ്യങ്ങൾക്കുമിടയിലെ സുപ്രധാന നാഴിക കല്ലുകളിൽ ഒന്നായ സർവിസ് ആരംഭിക്കുന്നതിലെ സൗദി സാംസ്കാരിക മന്ത്രിയുടെ താൽപര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഖത്തരി-സൗദി ബന്ധത്തിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും സാംസ്കാരിക പ്രവർത്തനത്തിന്റെ ഏറ്റവും നിർണായക ലക്ഷ്യങ്ങളിലൊന്നാണ് പൈതൃക സംരക്ഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ ആദ്യത്തെ യുനെസ്കോ പൈതൃക കേന്ദ്രമായ അൽ ഉല ഷെയ്ഖ് അബ്ദുറഹ്മാൻ ആൽഥാനി സന്ദർശിക്കുകയും ചെയ്തു. റിയാദിൽ നിന്ന് ഏകദേശം 1100 കിലോമീറ്റർ അകലെയാണ് അൽ ഉല സ്ഥിതി ചെയ്യുന്നത്. നിരവധി പൗരാണിക നാഗരികതകളുടെ അടുത്ത് സ്ഥിതിചെയ്യുന്ന പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയിൽ അൽ ഉല ഏറെ പ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ്. അതേസമയം ഖത്തർ എയർവേയ്സിന്റെ സൗദിയിലെ ലക്ഷ്യസ്ഥാനങ്ങൾ വളരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗ്രൂപ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നിലവിൽ സൗദിയിലെ 10 സ്ഥലങ്ങളിലേക്ക് ദോഹയിൽ നിന്ന് ഖത്തർ എയർവേയ്സ് സർവിസ് നടത്തുന്നുണ്ട്.