ഏഷ്യൻ കപ്പ് ആസ്വദിക്കാനെത്തുന്നവരെ വരവേൽക്കുന്നതിനായി ലുസൈലിൽ ഒരുക്കിയ ‘ഹലോ ഏഷ്യ’ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ലോകകപ്പ് ഫുട്ബോൾ സമയത്ത് ലോകമെങ്ങുമുള്ള ആരാധകരുടെ സംഗമവേദിയാകുന്ന ലുസൈൽ ബൊളെവാഡ് അതേ ആവേശത്തോടെയാണ് ഏഷ്യൻ കപ്പിനെയും വരവേൽക്കുന്നത്. ഒരുമാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഹലോ ഏഷ്യയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങളുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കൺട്രി സോണുകളാണ് ആഘോഷങ്ങളുടെ പ്രത്യേകത. ഇതോടൊപ്പം പരേഡുകളും കലാപ്രകടനങ്ങളും ഫുഡ്കോർട്ടുകളുമെല്ലാം കാഴ്ചക്കാരുടെ മനം കവരാനായി ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് നാല് മണി മുതൽ രാത്രി 12 മണി വരെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. വൈകിട്ട് 6.30നും രാത്രി ഒമ്പതിനും 45 മിനിറ്റ് നീളുന്ന പരേഡുകളും ഉണ്ടാകും.
ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ടൂർണമെന്റ് നടത്തപ്പെടുന്നത്. എന്നാൽ ലുസൈൽ സ്റ്റേഡിയത്തിൽ മത്സരം നടക്കുന്ന ദിവസങ്ങളിൽ ബൊളെവാഡിൽ ആഘോഷമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ലുസൈലിന് പുറമെ കതാറ കൾച്ചറൽ വില്ലേജിലും ഏഷ്യൻ കപ്പ് ആരാധകർക്കായി ആഘോഷ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ജനുവരി 12-നാണ് കതാറയിലെ ആഘോഷങ്ങൾക്ക് തുടക്കമാവുക.