രാജ്യത്തെ ഏറ്റവും വലിയ വിനോദ പരിപാടികളിൽ ഒന്നായ ഫോർമുല വണ്ണിന് ഫെബ്രുവരി 29ന് തുടക്കം. 20-ാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളോടെയാണ് ബഹ്റൈൻ ഫോർമുല വൺ ഗ്രാന്റ്പ്രീ നടത്തപ്പെടുകയെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി അറിയിച്ചു. മാർച്ച് 2 വരെയാണ് റേസ് സംഘടിപ്പിക്കപ്പെടുക.
ലോകത്തിലെ സാഹസികരായ കായികപ്രേമികളെ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലേക്കാകർഷിക്കുന്ന തരത്തിലുള്ള പരിപാടികളാണ് അവതരിപ്പിക്കപ്പെടുകയെന്ന് സംഘാടകർ വ്യക്തമാക്കി. ’20 ഇയേഴ്സ് ഓഫ് എ മോഡേൺ ക്ലാസിക്’ എന്ന പേരിലാണ് ഇത്തവണത്തെ ഫോർമുല വൺ ബഹ്റൈനിൽ നടക്കുക. റേസിന് മുന്നോടിയായി സീസണിന് തുടക്കംകുറിച്ചുകൊണ്ട് ഫെബ്രുവരി 21 മുതൽ 23 വരെ മൂന്ന് ദിവസത്തെ അരാംകോ പ്രീ-സീസൺ ടെസ്റ്റിങ് 2024-ന് ബിഐസി ആതിഥേയത്വം വഹിക്കും.
ഗ്രാന്റ്പ്രീയോടനുബന്ധിച്ച് വിവിധ സ്റ്റേജ് ഷോകൾ, കാർണിവൽ റൈഡുകൾ തുടങ്ങി നിരവധി വിനോദപരിപാടികളും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാരുടെ സംഗീതപരിപാടിയും അരങ്ങേറും. ഗ്രാന്റ്പ്രീയിലേക്കുള്ള ടിക്കറ്റ് വില്പന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.