ദുബായിൽ റോഡ് ഉപഭോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് വേണ്ടി 278 മില്യൺ ദിർഹത്തിന്റെ പുതിയ സ്ട്രീറ്റ് ലൈറ്റിംഗ് പദ്ധതി പ്രഖ്യാപിച്ച് ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ദുബായിലെ 40 മേഖലകളിൽ നടപ്പാക്കുന്ന ഈ സ്ട്രീറ്റ് ലൈറ്റിംഗ് പ്ലാൻ 2023-2026 വർഷത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദുബായിലെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാനുമാണ് ലക്ഷ്യമിടുന്നത്.
മിർദിഫ്, അൽ വഹീദ, അൽ ഹുദൈബ, അൽ സത്വ, അൽ ബറാഹ, ഔദ് മേത്ത, അബു ഹെയിൽ, അൽ ബദാഅ, ഉമ്മു സുഖീം 1, 2, 3, അൽ സഫ 1& 2, അൽ മനാറ, അൽ മിൻഹാദ് എയർബേസിലേക്കുള്ള റോഡ്, അൽ മരിയാൽ റിസർവ് സ്ട്രീറ്റ്, ജുമൈറയിലെ സ്ട്രീറ്റ്, പാർക്കിംഗ് ഏരിയകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇതിന് മുൻപ് തെളിയാത്ത പ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കും. ഉമ്മുൽ ഷെയ്ഫ്, നാദ് അൽ ഹമർ, അൽ അവീർ 2, അൽ സുഫൂഹ് 1, അൽ ഖൂസ് റെസിഡൻഷ്യൽ ഏരിയകൾ 1, 3, എന്നിവിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് പദ്ധതി 2025-ൽ വിപുലീകരിക്കുമെന്നും ആർടിഎ അറിയിച്ചു.
അതേസമയം അൽ ഗർഹൂദ്, അൽ ത്വാർ, ഹസ്യാൻ, അൽ ജാഫിലിയ, അൽ മർമൂം, അൽ ഖുസൈസ് 1, 2, നാദ് അൽ ഷെബ 1, അൽ വാർസൻ 2, ഹിന്ദ് സിറ്റി, ബിസിനസ് ബേ, ഉമ്മു റമൂൽ, റാസൽ ഖോർ എന്നിവിടങ്ങളിലെ വിവിധ സ്ട്രീറ്റുകളിലും 2026-ൽ ലൈറ്റുകൾ സ്ഥാപിക്കും. കൂടാതെ കാർ പാർക്കുകളും, ഇൻഡസ്ട്രിയൽ ഏരിയ 1, 2, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ 3 സ്ട്രീറ്റ് എന്നിവിടങ്ങളിലും ലൈറ്റുകൾ സ്ഥാപിക്കും.