കുട്ടി കർഷകരുടെ പശുക്കൾ ചത്ത സംഭവത്തിൽ ജയറാമിന് പിന്നാലെ വീണ്ടും സഹായം. കുട്ടികളുടെ വീട്ടിലെത്തി സഹായം നൽകിയ നടൻ ജയറാമാണ് കൂടുതൽ സഹായം എത്തും എന്ന് വ്യക്തമാക്കിയത്. മമ്മുട്ടി ഒരു ലക്ഷം പൃഥ്വിരാജ് 2 ലക്ഷം കുട്ടി കർഷകർക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി.
രണ്ടുപേരും പ്രത്യേക ദൂതൻ വഴി ഇന്ന് വൈകിട്ട് പണം കുട്ടികൾക്ക് കൈമാറും എന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്ന് മാത്യുവിന്റെ 13 പശുക്കളും ചത്തത്. സംഭവത്തെ തുടർന്നുണ്ടായ മാനസിക സമ്മർദത്തിൽ മാത്യു ആശുപത്രിയിലായിരുന്നു.
അതേസമയം ഇത്രയധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വളരെയധികം സന്തോഷമുണ്ടെന്നും കുടുംബം പ്രതികരിച്ചു. പശു വളർത്തൽ കൂടുതൽ ഊർജിതമായി നടത്തുമെന്ന് മാത്യു പറഞ്ഞു. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടിക്കർഷകരായ മാത്യുവിനെയും ജോർജുകുട്ടിയെയും കുടുംബത്തെയും കാണാൻ വീട്ടിലെത്തിയിരുന്നു. ഒരാഴ്ചക്കുളളിൽ 5 പശുക്കളെ ഇൻഷുറൻസ് പരിരക്ഷയോടെ മാത്യുവിന് നൽകുമെന്ന് മന്ത്രി അറിയിച്ചു. മിൽമയുടെ ഭാഗത്ത് നിന്ന് 45000 രൂപ സഹായവും കുടുംബത്തിന് ലഭിച്ചു.