റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതിയില്ല. സംസ്ഥാനം നൽകിയ നിശ്ചല ദൃശ്യങ്ങളുടെ മാതൃകകൾ കേന്ദ്രം തള്ളുകയായിരുന്നു. കേന്ദ്രം നൽകിയ വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളിൽ കേരളം സമർപ്പിച്ച നിശ്ചല ദൃശ്യ മാതൃകകളാണ് കേന്ദ്രം തള്ളിയത്.
ലൈഫ് മിഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ ഉൾക്കൊള്ളിച്ചുള്ള മാതൃകകളാണ് കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് കേന്ദ്രം ഈ മാതൃകകൾ പരിശോധിച്ചത്. നിർദേശിച്ച ഭേദഗതികൾ വരുത്തി അവസാന ഘട്ടത്തിൽ നാല് മാതൃകകൾ കേരളം സമർപ്പിച്ചിരുന്നു. നേരത്തെ പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളുടെ മാതൃകകളും കേന്ദ്രം തള്ളിയിരുന്നു.
കേരളം നൽകിയ നിശ്ചല ദൃശ്യം റിപ്പബ്ലിക്ക് ദിന പരേഡിന് പകരം ഭാരത് പർവ് പരിപാടിയിൽ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ ഭാരത് പർവിൽ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന കാര്യത്തിൽ കേരളം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.