61ആമത് ദേശീയ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻ ഷിപ്പിൽ ഇരട്ട മെഡൽ നേട്ടവുമായി മലയാളി താരം അബ്ന. ചണ്ഡീഗഢിലും ചെന്നൈയിലുമായാണ് മത്സരം നടക്കുന്നത്. 17 വയസ്സിന് മുകളിലുള്ള പെൺകുട്ടികളുടെ സ്പീഡ് ഇൻലൈൻ വിഭാഗത്തിലാണ് അബ്ന മെഡൽ നേടിയത്.
പത്തു കിലോമീറ്റർ പോയിന്റ് ടു പോയിന്റ്(റോഡ്) മത്സരത്തിലും പത്ത് കിലോ മീറ്റർ പോയിന്റ് ടു പോയിന്റ് പ്ലസ് എലിമിനേഷനിലുമാണ് അബ്നയുടെ സിൽവർ മെഡൽ നേട്ടം. ഇതോടെ അബ്നയ്ക്ക് ഏഷ്യൻ ട്രയൽസിൽ പങ്കെടുക്കാനുള്ള സെലക്ഷനും ലഭിച്ചിട്ടുണ്ട്. പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ ബികോം എൽഎൽബി വിദ്യാർത്ഥിനിയാണ് അബ്ന.
സിയാദ് കെ എസ് ആണ് അബ്നയുടെ പരിശീലകൻ. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ സി സി അജയകുമാർ ആണ് അബ്നയുടെ അച്ഛൻ. അമ്മ ബിനു എം എച്ച് അധ്യാപികയാണ്. ഏക സഹോദരൻ എ എ ഇന്ദ്രജിത്ത്.