പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബി അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും. 60 മിനിറ്റ് നീണ്ടുനിൽക്കുന്ന കരിമരുന്ന് പ്രദർശനവും അതോടൊപ്പം ഡ്രോൺ ഷോയും വേദിയിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
പുതുവത്സരാഘോഷ പരിപാടികളിലൂടെ ഇത്തവണ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ ലക്ഷ്യമിട്ടാണ് കരിമരുന്ന് പ്രദർശനമൊരുക്കുന്നത്. തുടർച്ചയായി 60 മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ വെടിക്കെട്ട് വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ലക്ഷ്യമിടുന്നത്. കൂടാതെ 2024-നെ സ്വാഗതം ചെയ്ത് 5,000 ഡ്രോണുകൾ ഉപയോഗിച്ച് സഞ്ചരിക്കുന്ന രീതിയിൽ അൽ വത്ബയുടെ ആകാശത്ത് ഡ്രോൺ ഷോയും ഒരുക്കും. ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ഷോ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടാണ് ഈ ഡ്രോൺ പ്രദർശനം ഒരുക്കുന്നത്.
ഇതിനുപുറമെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുമെന്നും സംഘാടകർ അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള വിനോദ പരിപാടികളും പ്രദർശനങ്ങളും അണിനിരത്തിയാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി ഇത്തവണ 2024-നെ വരവേൽക്കാനൊരുങ്ങുന്നത്.