സൂപ്പർഹിറ്റ് ചിത്രമായ ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിലെ മറ്റൊരു നായകൻ ധ്യാൻ ശ്രീനിവാസനാണ്. ധ്യാനിന്റെ ജന്മദിനത്തിലാണ് പ്രേക്ഷകർക്ക് മനോഹരമായ ഒരു സമ്മാനവുമായി അണിയറ പ്രവർത്തകർ എത്തിയത്. ‘
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആസിഫ് അലി,ടോവിനോ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചേർന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ പുരട്ചി തലൈവർ എം.ജി ആറിന്റെ സാന്നിദ്ധ്യവും കാണാൻ സാധിക്കും. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ, നീത പിള്ളൈ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസത്തോളം സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചിട്ടുണ്ട്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിംഗ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ, ചീഫ് അസോസിയേറ്റ് – അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ – വിജേഷ് രവി, ടിൻസൺ തോമസ്. കോസ്റ്റ്യൂം – ദിവ്യ ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ – സജീവ് ചന്തിരൂർ.