കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കൊല്ലം തേവക്കരയിൽ നടന്നത്. സ്വന്തം അമ്മയേപ്പോലെ കാണേണ്ടിയിരുന്ന 80 വയസുകാരിയായ അമ്മായി അമ്മയെ അതിക്രൂരമായി മരുമകൾ മർദ്ദിച്ചു. ഹയർ സെക്കൻഡറി അധ്യാപികയായിരുന്നിട്ടുപോലും അവൾ ആ വയോധികയോട് കരുണ കാണിച്ചില്ല. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് മരുമകളെ അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്തു.
തേവലക്കര നടുവിലക്കരയിലായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്ന് മരുമകൾ മഞ്ജുമോൾ തോമസാണ് വയോധികയെ ക്രൂരമായി മർദ്ദിച്ചത്. ടിവിക്കു മുമ്പിൽ ഇരിക്കുകയായിരുന്ന വയോധികയോട് മഞ്ജുമോൾ എഴുന്നേറ്റ് പോകാനാവശ്യപ്പെടുകയും പിന്നാലെ തള്ളി നിലത്തിടുകയും അടിക്കുകയുമായിരുന്നു. തന്റെ മകളുടെ മുന്നിൽ വെച്ചായിരുന്നു മഞ്ജുമോൾ ഈ ക്രൂരത കാട്ടിയത്. ചെറിയ കുട്ടിയോട് വയോധികയെ മർദ്ദിക്കാൻ മഞ്ജു പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാൻ സാധിക്കും.
സ്ഥിരമായി വയോധികയെ മഞ്ജു മർദ്ദിക്കാറുണ്ടായിരുന്നു. മർദ്ദനം കടുത്തതോടെ കഴിഞ്ഞ ദിവസം ഏലിയാമ്മ തെക്കുംഭാഗം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഏലിയാമ്മയുടെ മകന്റെ സുഹൃത്താണ് ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത്. വീഡിയോ വൈറലായതോടെ മഞ്ജുമോൾക്കെതിരെ പൊലീസ് കേസെടുക്കുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്തു.