ഒരു നടി എന്നതിലുപരി ഒരു സംരംഭക കൂടിയാണ് ദേശീയ പുരസ്കാര ജേതാവായ അപർണ ബാലമുരളി. ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ ഒരുക്കിയാണ് അപർണ ബാലമുരളി ഇപ്പോൾ ശ്രദ്ധേയയായിരിക്കുന്നത്. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവൻ്റ് പ്ലാനിങ് കമ്പനിയാണ് ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകൾ സജ്ജീകരിച്ചത്.
അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ചെന്നൈയിലായിരുന്നു കാളിദാസിന്റെയും മോഡലായ നീലഗിരി സ്വദേശിനി താരിണിയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്. മാളവികയുടെയും പാലക്കാട് സ്വദേശിയായ നവനീതിന്റെയും വിവാഹനിശ്ചയം നടന്നത് കൂർഗിലായിരുന്നു. രണ്ട് ചടങ്ങുകളും അതിഗംഭീരമായാണ് അപർണ ഒരുക്കിയിരുന്നത്. അപർണയും സുഹൃത്ത് മഹേഷ് രാജനും ചേർന്നാണ് ഇവന്റ് പ്ലാനിങ് കമ്പനിയായ എലീസ്യൻ ഡ്രീംസ്കേപ്പ്സ് നടത്തിവരുന്നത്.
‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കുചേരാൻ സാധിച്ചതിൽ സന്തോഷവും നന്ദിയുമുണ്ട്. വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏല്പിക്കുന്ന ഓരോ അവസരത്തിലും ചടങ്ങിന്റെ വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ശ്രമിക്കുന്നത്. മഹേഷിന്റെയും എന്റെയും പാഷൻ പ്രോജക്റ്റാണിത്’ എന്നാണ് വിവാഹ നിശ്ചയ ഒരുക്കങ്ങൾക്ക് മുന്നോടിയായി അപർണ ബാലമുരളി സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്.