കൊല്ലം ഓയൂർ കാറ്റാടിയിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും കവർച്ചയ്ക്കും പദ്ധതിയിട്ടിരുന്നു. അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽ നിന്നാണ് പോലീസിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
ഹണിട്രാപ്പിനൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനാണ് മൂവരും പദ്ധതിയിട്ടത്. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ നിരീക്ഷിച്ച് അവരുടെ മാല, വള, കമ്മൽ എന്നിവയുടെ വിവരങ്ങളും എഴുതിസൂക്ഷിച്ചു. അതോടൊപ്പം കുട്ടികളെ ലൈംഗികചൂഷണത്തിനിരയാക്കിയ സംഭവങ്ങളുണ്ടെന്നും അത് ഒതുക്കിത്തീർക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടുള്ള തട്ടിപ്പിനും പദ്ധതി തയ്യാറാക്കിയിരുന്നു. ഇവയുമായി ബന്ധപ്പെട്ട് ഓരോ സ്ഥലത്തും എത്തുന്നതിനും തിരിച്ചുപോകുന്നതിനുമുള്ള വഴിയുടെ വിവരങ്ങളും വരച്ചുസൂക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻവേണ്ടി കുട്ടികളുടെയും വീടുകളുടെയും വിവരങ്ങളും ശേഖരിച്ച് സംഘം കുറിച്ചുവെച്ചിരുന്നു.
കാറിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുമ്പോൾ ഉപയോഗിക്കാൻ തയ്യാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകൾ പ്രതികൾ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് പല കഷണങ്ങളായി മുറിച്ച് വിവിധയിടങ്ങളിൽ ഉപേക്ഷിച്ചിരുന്നു. തെളിവെടുപ്പിനിടെ ഇവയിൽ ചിലത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.