യുഎഇയിലെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ ഡിസംബർ 4-ന് ആരംഭിക്കും. മദിനത് സായിദിലെ പൊതുപാർക്കിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഡിസംബർ 10 വരെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ നീണ്ടുനിൽക്കുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു.
‘അൽ ദഫ്റ: സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആന്റ് ടൂറിസത്തിന് കീഴിൽ പ്രവർത്തിക്കുന്ന അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു.
മേളയിൽ 50-ലധികം പ്രാദേശിക പ്രസാധകരും വിതരണക്കാരും പങ്കെടുക്കും. ഡിസംബർ 4 മുതൽ വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെയാണ് പുസ്തക മേളയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നത്.