എമിറേറ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ ഗതാഗത പദ്ധതിയായ ദുബായ് മെട്രോ ബ്ലൂലൈൻ പദ്ധതിക്ക് അംഗീകാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെള്ളിയാഴ്ച പദ്ധതിക്ക് അംഗീകാരം നൽകിയത്.
നിലവിലെ റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച് നിർമിക്കുന്ന ബ്ലൂ ലൈൻ പാത 30 കി.മീറ്റർ നീളമുള്ളതാണ്. 2029ൽ ആയിരിക്കും മെട്രോ ലൈൻ പ്രവർത്തന സജ്ജമാകുക. പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പാതയുടെ നിർമാണത്തിനായി 1800 കോടി ദിർഹം ചെലവ് വരുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ദുബായ് ക്രീക്ക് ഹാർബർ, ഗ്ലോബൽ വില്ലേജ്, ഫെസ്റ്റിവൽ സിറ്റി, റാശിദിയ, മിർദിഫ്, വർഖ, സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി തുടങ്ങിയ മേഖലകളിലൂടെയാണ് ബ്ലൂ ലൈൻ പാത കടന്നുപോകുന്നത്. കൂടാതെ ഇതുവഴി പ്രതിദിനം 3,20,000 പേർക്ക് യാത്ര ചെയ്യാനാവുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.