അടുത്തിടെ കേരളത്തിൽ ചർച്ചാവിഷയമായി മാറിയ റോബിൻ ബസിന്റെ പോരാട്ട കഥ വെള്ളിത്തിരയിലേക്ക്. ‘റോബിൻ: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ്’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. പ്രശാന്ത് മോളിക്കൽ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിലെയും തമിഴിലേയും പ്രശസ്ത താരങ്ങൾ അഭിനയിക്കുന്നുണ്ട്. ചിത്രം ജനുവരിയിൽ പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. കഥ, തിരക്കഥ, സംഭാഷണം സതീഷ്. പിആർഒ എം.കെ. ഷെജിൻ.
‘സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമാതാക്കളോടും അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്തേക്ക് ഞാൻ സഞ്ചരിച്ചിരുന്നത് റോബിൻ ബസിൽ ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എന്റെ ആദ്യ സിനിമ സംഭവിക്കുകയും ഫെബ്രുവരിയിൽ അതിന്റെ റിലീസിൽ എത്തി നിൽക്കുകയും ചെയ്യുന്നു. ആദ്യ സിനിമയ്ക്ക് (KOON) ശേഷം സംഭവിക്കുന്ന യഥാർഥ വിജയത്തിനായി മാസങ്ങൾക്ക് മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങിയിരുന്നു. അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്’- പ്രശാന്ത് പറഞ്ഞു.
പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമിതങ്ങളായ ടാർഗറ്റട് പ്രതിസന്ധിളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടയ്ക്കുന്നു. റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം വരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ് എന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.