അടുത്തിടെയായി സിനിമാലോകത്ത് ഏറെ ചർച്ചയായ റിവ്യൂ ബോംബിങ് വിഷയത്തിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് മാത്രം സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ സിനിമ കാണാൻ എത്തേണ്ടത് എന്ന് മമ്മൂട്ടി പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ‘കാതലിന്റെ’ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ട് നശിപ്പിക്കാനും കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ ഉണ്ടാവുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ അതിന്റെ വഴിക്കും പോകും. പ്രേക്ഷകരാണ് തീരുമാനിക്കുന്നത് അവര്‍ ഏത് സിനിമയാണ് കാണേണ്ടത് എന്ന്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതും അത് തന്നെയാണ് എന്ന് മമ്മൂട്ടി വ്യക്തമാക്കി.
അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം പറയാൻ നിന്നാൽ അവിടെ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന് എന്നും താരം കൂട്ടിച്ചേർത്തു. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.