2023-ലെ ക്രിക്കറ്റ് ലോകകപ്പ് തേരോട്ടം അവസാനത്തോടടുക്കുമ്പോൾ ആര് വാഴും, ആര് വീഴും എന്ന ചോദ്യം ശക്തമാകുകയാണ്. പരസ്പരം കൊമ്പുകോർത്തും അവിസ്മരണീയ മൂഹൂർത്തങ്ങൾക്ക് വേദിയായും 2023-ലെ ക്രിക്കറ്റ് ലോകകപ്പ് അതിന്റെ പ്രയാണം പൂർത്തിയാക്കാനൊരുങ്ങുകയാണ്. ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വിജയത്തിനായി ആരവം മുഴക്കുന്നുണ്ടെങ്കിലും ലോകകപ്പിന്റെ ചരിത്രമറിയുന്നവർക്ക് ഒരിക്കലും വിസ്മരിക്കാനാകില്ല ക്രിക്കറ്റിലെ അതികായന്മാരായ ഓസ്ട്രേലിയയേയും അവരുടെ അപ്രമാദിത്വത്തേയും.
അഞ്ച് തവണ ലോകകപ്പ് ചാമ്പ്യന്മാർ… തുടർച്ചയായി മൂന്ന് പ്രാവശ്യം ലോകകപ്പ് നേടിയ രാജ്യമെന്ന റെക്കോർഡ്… രണ്ട് തവണ റണ്ണേഴ്സും ഓരോ തവണ സെമിയിലും ക്വാർട്ടർ ഫൈനലിലും സീറ്റുറപ്പിച്ച രാജ്യം… മാച്ചുകളിൽ തോൽവിയറിയാതെ റെക്കോർഡുകൾ കുറിച്ച ടീം.. അങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് ഓസീസിന്. വമ്പന്മാരെന്ന് ലോകം മുദ്രകുത്തിയവർ ഒസീസിൻ്റെ പ്രൊഫഷണൽ ക്രിക്കറ്റിന് മുന്നിൽ മുട്ടുമുടക്കിയ ചരിത്രം ഏറെയുണ്ട്. 1975 മുതൽ തുടങ്ങിയ ക്രിക്കറ്റ് ലോകകപ്പിൽ വെറും രണ്ട് തവണ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഓസീസ് പുറത്തായത്.
ലോകകപ്പിൻ്റെ നാൾവഴികളിൽ പലപ്പോഴും ഓസീസിന് കടുത്ത പോരാട്ടം നേരിടേണ്ടിവന്നത് ഇന്ത്യയുമായാണ്. 2011-ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യ കിരീടം ചൂടിയപ്പോൾ, 2015-ലെ സെമിയിൽ ഇന്ത്യയെ വീഴ്ത്തി കങ്കാരുക്കളും കപ്പുയർത്തി. പകരത്തിനു പകരം വീട്ടുന്ന ടീമുകൾ എന്ന രീതിയിൽ ഇന്ത്യയും ഓസീസും തമ്മിലുള്ള മത്സരങ്ങൾ മാറി.
എന്നാൽ ക്രിക്കറ്റ് ലോകകപ്പിൽ ഓസീസിന് മുന്നിൽ അത്ര നല്ല റെക്കോർഡല്ല ഇന്ത്യയ്ക്കുള്ളത്. ക്രിക്കറ്റിൻ്റെ അടിമുടി പഠിച്ചുവന്ന ഓസ്ട്രേലിയയും പിച്ചവെച്ച് പയറ്റിത്തെളിഞ്ഞ ചരിത്രമുള്ള ഇന്ത്യയും തമ്മിൽ വ്യത്യാസങ്ങൾ നിരവധിയാണ്. ഇരുവരും നേർക്കുനേർ പോരിനിറങ്ങിയപ്പോൾ വിജയം പലപ്പോഴും ഉറപ്പിച്ചിരുന്നത് കങ്കാരുക്കളായിരുന്നു. എന്നാൽ ഇന്ന്, ഇരുവരും പരസ്പരം കൊമ്പുകോർക്കാൻ പോന്നവരാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വാശിയേറിയ പോരാട്ടം ആരംഭിക്കുന്നത് ഇന്ത്യ കിരീടമുയർത്തിയ 1983ലെ ലോകകപ്പിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ഓസ്ട്രേലിയ ആദ്യ മത്സരം. ആദ്യം ബാറ്റുചെയ്ത ഓസീസ് 9 വിക്കറ്റ് നഷ്ടത്തിൽ 320 റൺസ് അടിച്ചുകൂട്ടി. 131 പന്തുകളിൽ നിന്ന് ഓസീസിനായി ചാപ്പൽ 110 റൺസ് സ്വന്തമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 37.5 ഓവറിൽ 158 റൺസിന് പുറത്തായി. ബൗളിങ്ങിൽ 12 ഓവർ എറിഞ്ഞ് 5 വിക്കറ്റ് വീഴ്ത്തുകയും ബാറ്റിങ്ങിനിറങ്ങിയപ്പോൾ 27 പന്തിൽ 40 റൺസെടുക്കുകയും ചെയ്ത കപിൽദേവ് ഇന്ത്യയ്ക്കുവേണ്ടി ശക്തമായി പോരാടിയെങ്കിലും വിജയം കങ്കാരക്കൾക്കൊപ്പം നിന്നു.
ഒരാഴ്ചയ്ക്ക് ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ ഓസീസിനെ നേർക്കുനേർ കിട്ടിയ കപിലിൻ്റെ ചെകുത്താന്മാർ 118 റൺസിൻ്റെവിജയം ഉറപ്പാക്കി ഓസീസിന് പ്രഹരമേൽപ്പിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 55.5 ഓവറിൽ 247 റൺസിന് പുറത്തായെങ്കിലും രണ്ടാമത് ബാറ്റുചെയ്ത ഓസീസിന് 38.2 ഓവറിൽ 129 റൺസ് എടുക്കാനേ സാധിച്ചുള്ളു. എട്ട് ഓവറിൽ 29 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ റോജർ ബിന്നിയായിരുന്നു കളിയിലെ താരം.
1983ലെ ലോകകപ്പ് വിജയം ആവോളം ആസ്വദിച്ച ഇന്ത്യയ്ക്ക് നാല് വർഷങ്ങൾക്കിപ്പുറം ദയനീയമായ പ്രഹരമാണ് ഓസീസിൽ നിന്നും ഏൽക്കേണ്ടിവന്നത്. ലോകകപ്പ് ചരിത്രത്തിൽ തന്നെ ഇന്ത്യ മറക്കാൻ ആഗ്രഹിക്കുന്ന തോൽവിയാണ് 1987-ലേതെന്ന് വേണമെങ്കിൽ പറയാം. കപ്പിനും ചുണ്ടിനുമിടയിൽ എന്ന് പറയുന്നതുപോലെ 1 റൺസിൻ്റെ തോൽവിയാണ് ഇന്ത്യയ്ക്ക് ഓസീസിൽ നിന്നും ഏൽക്കേണ്ടിവന്നത്. 50 ഓവറിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 269 റൺസിന് ഔൾ ഔട്ടായി. പിന്നീട് വിജയം രുചിക്കാനുറച്ച ഇന്ത്യയുടെ മനീന്ദർ സിംഗിനെ വീഴ്ത്തി സ്റ്റീവ് വോയാണ് ഓസീസിന് അപ്രതീക്ഷിതമായ വിജയം സമ്മാനിച്ചത്.
തുടർന്ന് ഡൽഹിയിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഓസീസിനെ 56 റൺസിന് വീഴ്ത്തി ഇന്ത്യ ആ ഒരു റൺ തോൽവിയുടെ കണക്കുവീട്ടി. സുനിൽ ഗവാസ്കറും നവജ്യോത് സിദ്ധുവും ദിലിപ് വെങ്സർക്കറും മുഹമ്മദ് അസ്ഹറുദ്ദിനും നേടിയ അർധ സെഞ്ച്വറികളുടെ ബലത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് നേടിയ ഇന്ത്യ ഓസീസിനെ 233 റൺസിൽ ഒതുക്കി. 3.5 ഓവറിൽ 19 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ അസ്ഹറുദ്ദീനായിരുന്നു ഇന്ത്യയുടെ വിജയശിൽപ്പി.
ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നതല്ല ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോര്. വീണ്ടും ഒരു റൺ വിജയത്തിൻ്റെ കഥ പറയുന്ന പോരാട്ടത്തിനായിരുന്നു 1992-ലെ ലോകകപ്പ് വേദി സാക്ഷ്യം വഹിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏക ഗ്രൂപ്പ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് 9 വിക്കറ്റിന് 237 റൺസ് നേടിയെങ്കിലും മത്സരത്തിൽ മഴയുടെ വരവോടെ വിജയലക്ഷ്യം 236 റൺസായി പുനർ നിശ്ചയിക്കപ്പെട്ടു. അവസാന നിമിഷം വരെ ഓസീസിനോട് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ഇന്നിങ്സ് 47 ഓവറിൽ 234 റൺസിൽ അവസാനിച്ചു. എങ്കിലും വാശിയേറിയ മത്സരം ഇരുരാജ്യങ്ങളുടേയും ആരാധകർക്ക് ആവേശം പകരുന്നതായിരുന്നു.
നാല് വർഷങ്ങൾക്കിപ്പുറം 1996ൽ ഇരുരാജ്യങ്ങളും വീണ്ടും കളിക്കളത്തിലിറങ്ങി. ഈ ലോകകപ്പിൽ ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചത് ഓസ്ട്രേലിയ എന്ന ടീമിനുപരി മാർക് വോ ആയിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, വോയുടെ സെഞ്ച്വറിയുടെയും (126) മാർക് ടെയ്ലറിന്റെ അർധ സെഞ്ച്വറിയുടെയും (59) ബലത്തിൽ 258 റൺസ് അടിച്ചുകൂട്ടി. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിന് 48 ഓവറിൽ 242 റൺസ് മാത്രമെ നേടാൻ കഴിഞ്ഞുള്ളു. 16 റൺസിന് ഇന്ത്യ ഓസീസിന് മുന്നിൽ പരാജയം സമ്മതിച്ചു. ഇന്ത്യയുടെ ഹീറോ ആയിരുന്ന സച്ചിനെ (90) മാർക് വോയുടെ വൈഡ് ബോളിൽ ഇയാൻ ഹീലി സ്റ്റംപ് ചെയ്തതാണ് മത്സരത്തിൻ്റെ ഗതി മാറ്റിയത്.
തുടർന്ന് വന്ന 1999 ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഓസീസിനോട് കാര്യമായിത്തന്നെ പൊരുതിനോക്കിയ ഇന്ത്യയ്ക്ക് വിജയം ഉറപ്പിക്കാൻ സാധിച്ചില്ല എന്നുവേണം പറയാൻ. 77 റൺസിന്റെ ജയമാണ് അന്ന് കങ്കാരുക്കൾ തട്ടിയെടുത്തത്. ആദ്യം ബാറ്റുചെയ്ത ഓസീസ് 50 ഓവറിൽ 6 വിക്കറ്റിന് 282 റൺസ് നേടിയപ്പോൾ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും 48.2 ഓവറിൽ 205 റൺസിന് നീലപ്പടയ്ക്ക് സംതൃപ്തരാകേണ്ടി വന്നു. ജഡേജയും (100), റോബിൻ സിങ്ങും (75) ഇല്ലാതിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യയ്ക്ക് നാണക്കേടുകൊണ്ട് ഓസീസിന് മുന്നിൽ തലകുനിക്കേണ്ടിവരുമായിരുന്നു. 1999 മുതലുള്ള മൂന്ന് ലോകകപ്പ് മത്സരങ്ങളിൽ ആസാധ്യ പ്രകടനമായിരുന്നു ഓസീസ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെയാണ് ആ മത്സരങ്ങളിൽ തുടർച്ചയായി കങ്കാരുക്കൾക്ക് കിരീടമുയർത്താൻ സാധിച്ചതും.
2003-ലെ ലോകകപ്പ് മത്സരം ഒരുപക്ഷേ ഇന്ത്യയ്ക്ക് ഓസീസിൽ നിന്നും അതിദാരുണമായ പരാജയം ഏൽക്കേണ്ടിവന്ന മത്സരമാണെന്ന് തന്നെ പറയാം. ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 41.4 ഓവറിൽ 125 റൺസിൽ ഓസീസ് പട ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 22.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 128 റൺസെടുത്ത് ഇന്ത്യയെ നാണം കെടുത്തി. എന്നാൽ ഇരുവരും ഫൈനലിൽ വീണ്ടും കണ്ടുമുട്ടി. ആദ്യം ബാറ്റുചെയ്ത ഓസീസ് 50 ഓവറിൽ അടിച്ചുകൂട്ടിയത് 2 വിക്കറ്റിന് 359 റൺസായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ 39.1 ഓവറിൽ 234 റൺസിന് ഓൾട്ടാവുകയും ചെയ്തു. 82 റൺസുമായി സെവാഗും 47 റൺസടിച്ച ദ്രാവിഡും കിരീടം ചൂടുമെന്ന് ആരാധകരെ മോഹിപ്പിച്ച ശേഷമായിരുന്നു കങ്കാരുക്കൾക്ക് മുന്നിൽ മുട്ടുമടക്കിയത്. ഫൈനലിൽ ഗാംഗുലിയുടെ കുട്ടികൾക്ക് പരാജയം ഏൽക്കേണ്ടിവന്നെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗത്തിന് തുടക്കമിടുന്നതായി ആ ലോകകപ്പ്.
ധോണിയും സംഘവും കിരീടമുയർത്തിയ 2011 ലോകകപ്പിലെ ഉജ്ജ്വല പോരാട്ടങ്ങളിലൊന്നായിരുന്നു അഹമ്മദാബാദിൽ നടന്ന ക്വാർട്ടർ ഫൈനൽ. ആദ്യം ബാറ്റുചെയ്ത ഓസീസ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് നേടി. എന്നാൽ സച്ചിൻ്റേയും ഗംഭീറിൻ്റേയും യുവരാജിൻ്റേയും അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഓസീസ് തീർത്ത ലക്ഷ്യം മറികടന്നു. ബോംബെയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെ ആറുവിക്കറ്റിനു പരാജയപ്പെടുത്തിയാണ് 2011ലെ ലോകകപ്പ് സ്വന്തമാക്കിയത്.
ലോകകപ്പ് ജയിച്ചതിൻ്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും, നീലപ്പടയിൽ നിന്നും കിരീടം അടിച്ചെടുക്കുക എന്ന ലക്ഷ്യത്തിൽ ഓസീസും അടുത്ത ലോകകപ്പിന് പോരാടാനിറങ്ങി. എന്നാൽ സെമി മത്സരത്തിൽ ഇന്ത്യയെ 95 റൺസിന് ഓസീസ് തകർത്തു. ആദ്യം ബാറ്റുചെയ്ത ഓസീസ് സ്മിത്തിന്റെ സെഞ്ച്വറിയുടെയും (105) ഫിഞ്ചിൻ്റെ അർധ സെഞ്ച്വറിയുടെയും (81) മികവിൽ 7 വിക്കറ്റ് നഷ്ടത്തിൽ 328 റൺസാണ് വാരിക്കൂട്ടിയത്. മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യക്കായി ധോണിയും (65) ധവാനും (45) രഹാനെയും (44) പരമാവധി പൊരുതി നോക്കിയെങ്കിലും 46.5 ഓവറിൽ 233 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളു.
കഴിഞ്ഞ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഓസീസിനെതിരെ ഇന്ത്യ റൺമഴ തന്നെ തീർത്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 352 റൺസ് അടിച്ചുകൂട്ടി. ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളുമാണ് ഇന്ത്യൻ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഓസ്ട്രേലിയയ്ക്ക് 50 ഓവറിൽ 316 റൺസെടുക്കാനേ അന്ന് കഴിഞ്ഞുള്ളു.
വീണ്ടുമൊരു ലോകകപ്പിന് ഇന്ത്യ വേദിയായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യ കങ്കാരുക്കളെ തകർത്തു. ആറ് വിക്കറ്റിൻ്റെ വിജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ നേടിയത്. സ്മിത്തും മാക്സവെല്ലും ഉൾപ്പെടെയുളള കരുത്തരുടെ നിരയ്ക്ക് രോഹിതും കോഹ്ലിമാണ് മറുപടി. അതേസമയം സെമി ഉറപ്പിച്ച ഇന്ത്യയും ഓസീസും ഈ ലോകകപ്പിൽ വീണ്ടും ഏറ്റുമുട്ടുമോ.. ഇരുടീമുകളും ഒരിക്കൽകൂടി കൊമ്പുകോർത്താൽ എന്ത് തന്ത്രങ്ങളാവും പുറത്തെടുക്കുക.. മാനത്തോളമാണ് ക്രിക്കറ്റിലെ ആകാംഷകൾ.