ദോഹ എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന ഖത്തർ രാജ്യാന്തര ആർട്ട് ഫെസ്റ്റിവൽ (ക്യൂ.ഐ.എ.എഫ്) നവംബർ 20-ന് ആരംഭിക്കും. എക്സ്പോ 2023ന്റെ വേദിയായ അൽബിദ പാർക്കിൽ നടക്കുന്ന ഫെസ്റ്റിവൽ 25 വരെ നീണ്ടുനിൽക്കും. പരിസ്ഥിതിയും സുസ്ഥിരതയും എന്ന പ്രമേയത്തിലൂന്നിയാണ് ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പ് സംഘടിപ്പിക്കുന്നത്.
ചിത്ര-ശിൽപ പ്രദർശനങ്ങൾ, യൂത്ത് ഇന്റർനാഷണൽ ആർട്ട് എക്സിബിഷൻ, ഖത്തർ കൾച്ചറൽ ടൂർ, ആർട്ട് പാനൽ ടോക്ക് ഷോ, ആർട്ട് കോൺഫറൻസ്, മാസ്റ്റർ ക്ലാസുകൾ, ക്രിയേറ്റീവ് ആർട്ട് ശിൽപശാലകൾ, തത്സമയ പെയിന്റിംഗ് പ്രദർശനങ്ങൾ, ഫാഷൻ ഷോ, സാംസ്കാരിക സംഗീത സായാഹ്നം, നെറ്റ്വർക്കിംഗ് ഡിന്നറുകൾ, അവാർഡ് നൈറ്റ് തുടങ്ങിയ വിവിധ പരിപാടികൾ ഫെസ്റ്റിവലിൽ സംഘടിപ്പിക്കപ്പെടും.
അന്താരാഷ്ട്ര തലത്തിലുള്ള കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന മേളയിൽ 65 രാജ്യങ്ങളിൽ നിന്നായി 300-ലധികം പേർ പങ്കെടുക്കും. രാജ്യത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ ക്യൂ.ഐ.എ.എഫ് വൈവിധ്യമാർന്ന കലാ അനുഭവങ്ങളാണ് കാണികൾക്ക് നൽകുക.