മഴ തടസ്സമായെത്തിയ മത്സരത്തിൽ മഴനിയമപ്രകാരം ന്യൂസിലാൻഡിനെതിരെ പാകിസ്താന് 21 റൺസ് വിജയം. ന്യൂസിലാൻഡ് ഉയർത്തിയ കൂറ്റൻ സ്കോറിന് പാകിസ്താൻ മറുപടി നൽകുന്നതിനിടെയാണ് രസംകൊല്ലിയായി മഴ എത്തിയത്. ആദ്യം 41 ഓവറിൽ 342 റൺസായി പാകിസ്താന്‍റെ വിജയലക്ഷ്യം പുനർ നിർണയിച്ചു. എന്നാൽ 26ാം ഓവറിൽ വീണ്ടും മഴയെത്തിയതോടെ ഡെക് വർത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താൻ 21 റൺസിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സ്കോർ: ന്യൂസിലാൻഡ് 401/6 (50 ഓവർ), പാകിസ്താൻ 200/1 (25.3 ഓവർ). സെഞ്ചുറി നേടിയ പാക് താരം ഫഖർ സമാമാണ് കളിയിലെ താരം.
25.3 ഓവറിൽ മഴയെത്തി മത്സരം നിർത്തുമ്പോൾ പാക് സ്കോർ ഒരു വിക്കറ്റിന് 200 റൺസായിരുന്നു നേടിയിരുന്നത്. മഴ നിയമപ്രകാരം ഈ സമയത്ത് പാകിസ്താന് വേണ്ടിയിരുന്നത് 179 റൺസായിരുന്നു. മത്സരം തുടരില്ലെന്ന് ഉറപ്പായതോടെ പാകിസ്താനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. പാക് ടീമിന്റെ ഓപ്പണർ അബ്ദുല്ല ഷഫീഖിന്‍റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സെഞ്ചുറി നേടിയ ഫഖർ സമാമും (126), ക്യാപ്റ്റൻ ബാബർ അസമും (66) ചേർന്ന് ഒന്നാം വിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വച്ചു. 11 സിക്സറുകളും എട്ട് ഫോറും ഫഖർ നേടിയപ്പോൾ രണ്ട് സിക്സും ആറ് ഫോറുമാണ് ബാബർ അസം നേടിയത്.
ലോകകപ്പിൽ തകർപ്പൻ ഫോം തുടരുന്ന രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അർധ സെഞ്ച്വറിയുടെയും മികവിൽ പാകിസ്താനെതിരെ ന്യൂസിലാൻഡ് കൂറ്റൻ സ്കോർ നേടി. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് കിവികൾ അടിച്ചെടുത്തത്. നേരത്തെ, 402 റൺസെന്ന കൂറ്റൻ വിജയലക്ഷ്യമാണ് ന്യൂസിലാൻഡ് പാകിസ്താന് മുന്നിൽ വെച്ചത്.