തമന്നയുടെ ഗ്ലാമർ നൃത്തരംഗത്തിലൂടെ തരംഗം സൃഷ്ടിച്ച പാട്ടാണ് രജനീകാന്ത് നായകനായ ജയിലറിലെ ‘കാവാലയ്യ’. ദശകോടിയിലധികം പ്രേക്ഷകരാണ് ഈ ഗാനരംഗം ഇതിനോടകം കണ്ടിരിക്കുന്നത്. ഇപ്പോൾ ഈ ഗാനത്തിലെ തമന്നയുടെ നൃത്തത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംഗീത സംവിധായകനുമായ മൻസൂർ അലി ഖാൻ.
നടിയുടെ ഹിപ്പ് സ്റ്റെപ്പുകൾ വളരെ വൃത്തികേടാണെന്നും അവയെല്ലാം ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണ് താരം തുറന്നടിച്ചത്. കൂടാതെ ആ നൃത്തത്തിന് എങ്ങനെ സെൻസർ കിട്ടിയെന്നും ഇത്തരം ഡാൻസ് സ്റ്റെപ്പുകൾക്ക് സെൻസർഷിപ്പ് നൽകുന്ന മാനദണ്ഡം എന്താണെന്നും അദ്ദേഹം ചോദിച്ചു. മൻസൂർ അലി ഖാൻ അഭിനയിച്ച സരകു എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ വിമർശനം.
താരത്തിന്റെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. നിരവധി പോരാണ് ഇതുമായി ബന്ധപ്പെട്ട് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനുമുമ്പും ചില പ്രതികരണങ്ങളിലൂടെ വിവാദത്തിലായ താരമാണ് മൻസൂർ അലി ഖാൻ.