ടിക്കറ്റുകളോ നോലോ ക്രെഡിറ്റ് കാർഡുകളോ ഇല്ലാതെ നിങ്ങൾക്ക് ഉടൻ ദുബായിൽ പൊതുഗതാഗതം ഉപയോഗിക്കാനാകും. ദുബായ് മെട്രോ, ട്രാം, ബസുകൾ, ടാക്സികൾ, മറൈൻ ഗതാഗതം എന്നിവയ്ക്കുള്ള നിരക്കുകൾ നൽകുന്നതിന് യാത്രക്കാരെ അനുവദിക്കുന്ന സ്മാർട്ട് ഗേറ്റ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അവതരിപ്പിച്ചു.
മെട്രോയിലും ബസിലും ടാക്സി, ട്രാം, മറൈൻ ഗതാഗതം എന്നിവയിലും ഫേഷ്യൽ ഡിറ്റക്ഷൻ സംവിധനം വഴി യാത്ര ചെയ്യാനാകും. തടസമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഗേറ്റ് എന്ന സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാക്കുക. യാത്രക്കാർ ആദ്യം സ്മാർട്ട് ഗേറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ശേഷം 3D ക്യാമറ ഉപയോഗിച്ച് അവരുടെ മുഖം തിരിച്ചറിയും. തുടർന്ന് ബയോ-ഡാറ്റ പരിശോധിച്ചുറപ്പിക്കുകയും യാത്രാനിരക്ക് അവരുടെ അക്കൗണ്ടിൽ നിന്ന് കുറയ്ക്കുകയുമാണ് ചെയ്യുക. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക, സ്റ്റാർട്ടപ്പ് എക്സിബിഷനായ Gitex Global-ൽ RTA പ്രദർശിപ്പിക്കുന്ന നിരവധി സ്മാർട്ട് പ്രോജക്ടുകളിൽ ഒന്നാണിത്.
ആർടിഎ സേവന കേന്ദ്രം സന്ദർശിക്കാതെ തന്നെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറാൻ കഴിയുന്ന ഡ്രൈവ് ആപ്പും ആർടിഎ വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട മുഴുവൻ നടപടി ക്രമങ്ങളും ഡിജിറ്റലായി തന്നെ പൂർത്തിയാക്കാൻ കഴിയും. ഒഴിവുളള പാർക്കിംഗ് സ്ഥലങ്ങൾ മുൻ കൂട്ടി കണ്ടെത്താൻ കഴിയുന്ന സംവിധാനവും ആർടിഎ പൊതുജനങ്ങൾക്കായി അവതരിപ്പിക്കും. ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് അബ്രയുടെ മാതൃകയും ജൈറ്റക്സിൽ പ്രദർശിപ്പിക്കും.