ബാല്യകാല സുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിൽ വിതുമ്പി നടന്മാരായ നിവിൻ പോളിയും സിജു വിൽസനും. ഇരുവരുടെയും ബാല്യകാല സുഹൃത്ത് ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ (38) ആണ് മരിച്ചത്. അപൂർവ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു നെവിൻ. മാത്രമല്ല, നിവിന്റെ ജന്മദനമായ ഒക്ടോബർ 11നായിരുന്നു നെവിന്റെ മരണമെന്നത് താരത്തെ കൂടുതൽ വിഷമത്തിലാക്കി.
അമിയോട്രോപിക് ലാറ്ററൽ സ്ക്ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗമായിരുന്നു നെവിന്. ഇത് മൂലം കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു നെവിൻ. വിദേശത്ത് ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അതേസമയം സിനിമാ ചിത്രീകരണ തിരക്കിനിടയിലും രോഗശയ്യയിലായിരുന്ന ആത്മസുഹൃത്തിനെ കാണാൻ സമയം കണ്ടെത്തി താരങ്ങൾ ഓടിയെത്തിയിരുന്നു. സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിയാണ് മരിച്ച നെവിൻ.