ഏഷ്യൻ ഗെയിംസിലെ സ്വർണ നേട്ടത്തിന് പിന്നാലെ ചരിത്രം സൃഷ്ടിച്ച് സാത്വിക് – ചിരാഗ് സഖ്യം. ഇന്ത്യയുടെ പുരുഷ ബാഡ്മിന്റൺ ഡബിൾസ് താരങ്ങളായ സാത്വിക് സായ്രാജ് റങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയുമാണ് ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ പുരുഷ ഡബിൾസ് ടീം ലോക റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്.
അന്താരാഷ്ട്ര ബാഡ്മിന്റൺ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. ഏഷ്യൻ ഗെയിംസിന് മുൻപ് മൂന്നാം റാങ്കിലായിരുന്നു ഇരുവരും. ബാഡ്മിൻ്റണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇരുവരും 2023ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ആദ്യമായി സ്വർണം നേടിയാണ് ഇരുവരും ചരിത്രത്തിലിടം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയയുടെ ചോയ് സോൾ – കിം വോൺ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക് – ചിരാഗ് സഖ്യം സ്വർണം നേടിയത്.