വയലാർ രാമവർമ സാഹിത്യ അവാർഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെൻഡുലം’ എന്ന കൃതിയാണ് അവാർഡിന് അർഹമായത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത വെങ്കല ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. വയലാറിന്റെ ചരമദിനമായ 27-ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പുരസ്കാരം സമ്മാനിക്കുക.
മലയാള സാഹിത്യത്തിന് പുറമെ ചലച്ചിത്ര മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ശ്രീകുമാരൻ തമ്പി. ചലച്ചിത്ര ഗാന രചനയിൽ സ്വന്തം ശൈലികൊണ്ട് ആരാധകരെ സൃഷ്ടിച്ചെടുത്ത അദ്ദേഹം സിനിമയുമായി ബന്ധപ്പെട്ട പ്രധാന മേഖലകളിലും കഴിവ് തെളിയിച്ച ചുരുക്കം ചില വ്യക്തിത്വങ്ങളിൽ ഒരാൾ കൂടിയാണ്. ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. 30 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്യുകയും 22 സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.
നാടകഗാന രചന, ലളിത സംഗീതം മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം 2015-ൽ അദ്ദേഹത്തിന് ലഭിച്ചു. 2018-ൽ മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെസി ഡാനിയേൽ പുരസ്കാരവും ലഭിച്ചു.