ഏഷ്യൻ ഗെയിംസിന്റെ 11-ാം ദിനത്തിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം – ഓജസ് പ്രവീൺ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. കൊറിയയുടെ സോ ചെവോൺ – ജൂ ജഹൂൺ സഖ്യത്തെ 159-158ന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം സ്വർണം കരസ്ഥമാക്കിയത്.
35 കിലോമീറ്റർ നടത്തത്തിൽ ടീം ഇനത്തിൽ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യ വെങ്കലവും സ്വന്തമാക്കിയിരുന്നു. രാം ബാബു – മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്കായി മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ 71 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. 16 സ്വർണം, 26 വെള്ളി, 29 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
297 മെഡലുകളുമായി ചൈനയാണ് മെഡൽ നേട്ടത്തിൽ മുന്നിട്ടുനിൽക്കുന്നത്. 139 മെഡലുകളുമായി കൊറിയ രണ്ടാം സ്ഥാനത്തും 130 മെഡലുകളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ എക്കാലത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യയുടേത്. 2018-ൽ ജക്കാർത്തയിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയത് 70 മെഡലുകളാണ്.