വാചാതി കൂട്ടബലാത്സംഗ കേസിലെ ഇരകൾക്ക് നീതി. വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത 19 സ്ത്രീകൾക്കാണ് ഒടുവിൽ നീതി ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. തുടർന്ന് പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്ന് ഉത്തരവിടുകയായിരുന്നു. കേസിലെ എല്ലാ പ്രതികളുടെയും കസ്റ്റഡി അതിവേഗം ഉറപ്പാക്കാൻ സെഷൻസ് കോടതിക്ക് ജഡ്ജി നിർദേശം നൽകി.
1992 ജൂണിലാണ് 18 യുവതികൾ ഉദ്യോഗസ്ഥരുടെ ക്രൂരബലാത്സംഗത്തിന് ഇരയായത്. നാല് ഐഎഫ്എസ് ഉദ്യോഗസ്ഥരടക്കം വനംവകുപ്പിലെ 126 പേർ, പൊലീസിലെ 84, റവന്യൂ വകുപ്പിലെ 5 ഉദ്യോഗസ്ഥർ എന്നിവരാണ് കേസിലെ പ്രതികൾ. ഇരകൾക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയുടെ 50 ശതമാനം പ്രതികളിൽ നിന്നാണ് ഈടാക്കേണ്ടത്. മരണപ്പെട്ട 3 സ്ത്രീകളുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം നൽകണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഇരകളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനും ജോലി അവസരങ്ങൾക്കും വാചാതി പ്രദേശത്തെ ഗോത്രവർഗക്കാരുടെ ജീവിത നിലവാരം ഉയർത്താനും നടപടി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
വീരപ്പനെ സഹായിക്കുന്നതായും ചന്ദനത്തടി അനധികൃതമായി സൂക്ഷിച്ചതായും രഹസ്യവിവരം ലഭിച്ചെന്ന് പറഞ്ഞാണ് അന്വേഷണസംഘം 1992 ജൂണിൽ വാചാതി ഗ്രാമം വളഞ്ഞത്. പിന്നീട് ഉദ്യോഗസ്ഥർ വീടുകൾ ആക്രമിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തതായി നാട്ടുകാർ ആരോപിക്കുകയായിരുന്നു. തുടർന്ന് ദിവസങ്ങൾക്ക് ശേഷം റെയ്ഡിനിടെ പീഡിപ്പിക്കപ്പെട്ടതായി യുവതികളും പരാതി നൽകി. പിന്നീട് 2011 സെപ്റ്റംബറിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തിയത്. പ്രതികൾ 2011 മുതൽ നൽകിയ അപ്പീലുകൾ തള്ളി ജസ്റ്റിസ് പി.വേൽമുരുകനാണ് വിധി പ്രസ്താവിച്ചത്.