രാജ്യാന്തര പുരസ്കാരമായ സെപ്റ്റിമിയസ് അവാർഡ് നേടിയ ടൊവിനോ തോമസിനെ അഭിനന്ദിച്ച് രമേശ് പിഷാരടി കുറിച്ച കമന്റ വൈറലാവുന്നു. ‘നല്ല ആണത്തമുള്ള ശിൽപം’എന്നാണ് അവാർഡ് ശിൽപം പങ്കുവച്ചുളള ടൊവിനോയുടെ ചിത്രത്തിന് താഴെ പിഷാരടി കുറിച്ചത്. പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് രംഗത്ത് എത്തി. രസകരമായ പ്രതികരണങ്ങളാണ് കമന്റിന് വരുന്നത്.
അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങിലെ ‘പ്രതിമ വിവാദ’വുമായി ബന്ധപ്പെടുത്തിയാണ് പിഷാരടി ഇത്തരത്തിലൊരു കമന്റ് ഇട്ടത്. ഇത് വളരെ പെട്ടന്നു തന്നെ സമൂഹമാധ്യമങ്ങളിലും വൈറലായി. ഉരുളയ്ക്കുപ്പേരി പോലുള്ള അടിക്കുറിപ്പുകൾക്കും കമന്റുകൾക്കും പിഷാരടിയെ കഴിഞ്ഞേ വേറെ ആളൊള്ളൂ എന്നാണ് പ്രേക്ഷകർ ഒന്നാകെ അഭിപ്രായപ്പെടുന്നത്.
‘2018, എവരിവൺ ഈസ് എ ഹീറോ ‘സിനിമയിലെ അഭിനയത്തിന് ടൊവിനോയെ തേടി രാജ്യാന്തര പുരസ്കാരമെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയത്. മാത്രമല്ല, തെന്നിന്ത്യയില്‍ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായും ടൊവിനോ മാറി. ഈ സന്തോഷത്തിനൊപ്പം തന്നെ ‘2018’ സിനിമ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മാറിയതും ഇരട്ടി മധുരമായി.