മനുഷ്യത്വത്തിന്റെയും എളിമയുടെയും സന്ദേശം തന്റെ പ്രവൃത്തികളിലൂടെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ഭരണാധികാരിയാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. പല അവസരങ്ങളിലും ഇത് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അദ്ദേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു യഥാര്‍ത്ഥ നേതാവും നല്ലൊരു മനുഷ്യനുമാണെന്ന് വീണ്ടും വീണ്ടും അടിവരയിടുകയാണ് ഈ വീഡിയോ.
അബുദാബിയിലെ തിരക്കേറിയ മാളിലൂടെ നടക്കുന്ന യുഎഇ പ്രസിഡന്റിന്റെ വീഡിയോ യാദൃശ്ചികമായി ആരോ പകർത്തിയതാണ്. യുഎഇ പ്രസിഡന്റ് മാളിൽ വരുന്ന കാര്യമോ, വന്ന വിവരമോ ആരും അറിഞ്ഞിരുന്നില്ല. എന്നാൽ മാളിലൂടെ സാധാരണക്കാരനെ പോലെ നടന്നു നീങ്ങുന്ന അദ്ദേഹത്തെ കണ്ടപ്പോൾ ചിലർക്ക് മനസ്സിലായി. പിന്നീടൊന്നും നോക്കിയില്ല. സെൽഫി എടുക്കാനായി പാഞ്ഞെത്തി.
സെൽഫി എടുക്കാനായി എത്തിയ ആരാധകനെ ചേർത്ത് നിർത്തി അദ്ദേഹം ഫോട്ടോയ്ക്കായി പോസ് ചെയ്തു. ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ ഈ എളിമയെ നോക്കി കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. എല്ലാ അർത്ഥത്തിലും വിസ്മയിപ്പിക്കുന്ന ഒരു ജന നേതാവ്.