നടൻ ഉണ്ണി മുകുന്ദനെതിരെയുള്ള സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. ഒത്തുതീർപ്പായെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് നടപടി. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹർജി പരിഗണിച്ചത്.
പരാതിക്കാരിയുമായി ഒത്തുതീർപ്പായെന്ന് ഉണ്ണിമുകുന്ദൻ കോടതിയിൽ അറിയിച്ചതിനെത്തുടർന്ന് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി ജൂണിൽ ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരുന്നു. തുടർന്ന് ഒത്തുതീർപ്പാക്കാൻ ധാരണയായെന്ന് പരാതിക്കാരിയും സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കിയത്.
2017-ൽ ഉണ്ണി മുകുന്ദനെ ഒരു സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി കാണാനെത്തിയപ്പോൾ ലൈംഗികമായി ആക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ മോശമായി പെരുമാറിയെന്നുമായിരുന്നു യുവതിയുടെ പരാതി.