അൽഹോസ്ൻ ആപ്പിന്റെ അപ്ഡേറ്റ് പതിപ്പ് പുറത്തിറക്കി യുഎഇ ആരോഗ്യ അധികൃതർ. നവീകരിച്ച ആപ്പിൽ ജനനം മുതൽ 18 വയസ്സ് തികയുന്നത് വരെയുള്ള കുട്ടികൾക്കുള്ള സമഗ്രമായ വാക്സിനേഷൻ റെക്കോർഡുകൾ ഉൾപ്പെടുന്നു. ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ (MoHAP) അറിയിപ്പ് പ്രകാരം രാജ്യവ്യാപകമായി കുട്ടികളുടെ വാക്സിനേഷൻ കവറേജിന്റെ ഉയർന്ന ശതമാനം കൈവരിക്കുന്നതിൽ ഈ നവീകരണം നിർണായക പങ്ക് വഹിക്കും.
കോവിഡ് -19 മായി ബന്ധപ്പെട്ട കോൺടാക്റ്റ് ട്രെയ്സിംഗിനും ആരോഗ്യ പരിശോധനയ്ക്കുമുള്ള യുഎഇയുടെ ഔദ്യോഗിക ആപ്പ് ആണ് അൽഹോസ്ൻ. ഇപ്പോൾ വാക്സിനേഷനുകൾക്കായുള്ള ദേശീയ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്ഫോം കൂടിയാണിത്. MoHAP അനുസരിച്ച് ഏറ്റവും പുതിയ അപ്ഡേറ്റ് കുട്ടികളുടെ വാക്സിനേഷൻ നില നിരീക്ഷിക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന വൈവിധ്യമാർന്ന ഡിജിറ്റൽ പരിഹാരങ്ങൾ ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.
യുഎഇയുടെ ആരോഗ്യമേഖലയുടെ സ്മാർട്ട് പരിവർത്തന യാത്രയിൽ ഈ അപ്ഡേറ്റ് ശ്രദ്ധേയമായ മുന്നേറ്റമാണെന്ന് MoHAP-ലെ പബ്ലിക് ഹെൽത്ത് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ.ഹുസൈൻ അൽ റാൻഡ് പറഞ്ഞു. ദേശീയ പ്രതിരോധ പദ്ധതി പ്രകാരം കുട്ടികളുടെ വാക്സിനേഷൻ രേഖകളിലേക്ക് പ്രവേശനം നേടാൻ ഇത് സഹായിക്കും. യുഎഇ ഗവൺമെന്റ് കുട്ടികൾക്ക് അവർ ജനിക്കുന്നത് മുതൽ 11-ാം ക്ലാസിൽ എത്തുന്നതുവരെ വാക്സിനേഷൻ നിർബന്ധമാക്കുന്നു. ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, പോളിയോ, ടെറ്റനസ് എന്നിവയ്ക്കെതിരെയുള്ള ജബ്സ് ഇതിൽ ഉൾപ്പെടുന്നു.