ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനേക്കുറിച്ചാണ് ഇരുവരും ചർച്ച നടത്തിയത്.
യുഎഇ പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദർശിക്കുന്നത്. സാമ്പത്തിക, നിക്ഷേപ, വികസന, പുനരുപയോഗ ഊർജ, ഭക്ഷ്യസുരക്ഷ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തി സുസ്ഥിര വളർച്ച കൈവരിക്കുന്നതിനുള്ള ചർച്ചകൾക്കാണ് ഇരുവരും പ്രാധാന്യം നൽകിയത്. ഇവയ്ക്ക് പുറമെ സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കൽ എന്നിവയും ചർച്ചയായി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചശേഷം ഇരുംരാജ്യങ്ങളും തമ്മിൽ വ്യാപാര-നയതന്ത്ര തലത്തിൽ ബന്ധം ശക്തമാണ്.