ഖത്തറിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ ഔദ്യോഗിക പക്ഷിയായ ഫാൽകണിന്റെ കണ്ണുകളിലൂടെ ചിത്രീകരിച്ചുകൊണ്ടുള്ള ഖത്തർ ടൂറിസത്തിന്റെ വിഡിയോ പുറത്തിറങ്ങി. ‘ഖത്തർ, ഫാൽകണിന്റെ കണ്ണുകളിലൂടെ’ എന്ന തലക്കെട്ടിലാണ് വിഡിയോ പുറത്തിറക്കിയിട്ടുള്ളത്. ഖത്തറിന്റെ ഭൂപ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി ഫാൽക്കൺ നടത്തിയ യാത്രയിലൂടെ വൈവിധ്യമായ പ്രകൃതി ദൃശ്യങ്ങളും സവിശേഷതകളും ജനങ്ങൾക്ക് അടുത്തറിയാൻ സാധിക്കും.
ഇൻലൻഡ് സീ, വെസ്റ്റ് ബേ, സക്രീത്ത്, ഫിഫ ലോകകപ്പ് വേദികളായ അൽ ബെയ്ത്, അൽ ജനൗബ്, ലുസെയ്ൽ, സ്റ്റേഡിയങ്ങൾ എന്നിവയ്ക്ക് മുകളിലൂടെയാണ് ഫാൽക്കൺ യാത്ര ചെയ്തത്. ഈ സ്ഥലങ്ങളുടെ ആകാശ ദൃശ്യത്തിലൂടെ ഖത്തറിന്റെ മുഴുവൻ സൗന്ദര്യവും ഒറ്റനോട്ടത്തിൽ മനസ്സിലാകുന്ന തരത്തിലാണ് ഒരുമിനിറ്റിൽ താഴെയുള്ള ഈ വിഡിയോ തയാറാക്കിയിരിക്കുന്നത്.
അതേസമയം അറേബ്യൻ മരുഭൂമിയിലെ മണൽക്കൂനകളുടെ സൗന്ദര്യവും ദോഹയിലെ അംബരചുംബികളുടെ ഭംഗിയുമെല്ലാം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഫാൽകണിന്റെ ആകാശ യാത്ര. കൂടാതെ ഖത്തറിനെക്കുറിച്ച് സന്ദർശകർക്ക് ആധികാരികമായ കാഴ്ചപ്പാട് നൽകാൻ ലക്ഷ്യമിട്ടാണ് ഔദ്യോഗിക പക്ഷിയായ ഫാൽകണിന്റെ കണ്ണുകളിലൂടെ രാജ്യത്തെ വരച്ചു കാട്ടിയതെന്ന് ഖത്തർ ടൂറിസം ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബെർതോൾഡ് ട്രെങ്കൽ അറിയിച്ചു.