യുഎഇയിലെ കേരള പാഠ്യപദ്ധതി പിന്തുടരുന്ന കൂടുതൽ സ്കൂളുകളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേരള വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കേരള സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയീസ് പ്രമോഷൻ കൺസൽട്ടന്റ്സ് ലിമിറ്റഡ് (ഒഡേപക്) യു.എ.ഇയിൽ ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് സംരംഭങ്ങളെ കുറിച്ച് ദുബായിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. കൂടാതെ നിലവിൽ യുഎഇയിലെ പ്ലസ് ടു അനുവദിച്ച സ്കൂളുകളിൽ സയൻസ് ബാച്ചുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റുകളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യവും ആലോചനയിലാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തെ പൂർണമായും സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞിട്ടില്ല. ചരിത്രങ്ങളെ വിസ്മരിക്കുന്ന നിലപാടുകളോട് യോജിക്കാനുമാവില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒഡേപെക് വഴി ഉദ്യോഗാർഥികൾക്ക് അറബി ഭാഷയിൽ പരിശീലനം നൽകുകയും ചെയ്യും. കൂടാതെ മെഡിക്കൽ, പാരമെഡിക്കൽ രംഗത്തുള്ളവർ ഉൾപ്പെടെ മറ്റു വിദഗ്ധ മേഖലകളിൽ നിന്നും ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതും പരിഗണനയിൽ ആണെന്ന് മന്ത്രി അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐ.ടി) പ്രത്യേക കോഴ്സുകൾ ആരംഭിക്കാനും പദ്ധതി ഇടുന്നുണ്ട്. അതോടൊപ്പം ആറു മാസത്തിനുള്ളിൽ ഒഡേപെക് വഴി യുഎഇയിലേക്ക് 1000ത്തോളം ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. യുകെ, യൂറോപ്പ്, ജർമനി, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ഒഡേപെക് റിക്രൂട്ട്മെന്റ് നടപടികൾ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.