സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി പരിചയ ദിനം സംഘടിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് നിർദേശം നൽകി. രക്ഷിതാക്കൾക്ക് അവരുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിനെ കുറിച്ച് അറിവുണ്ടാകുന്നതിന് വേണ്ടിയും പഠനസംബന്ധമായ കാര്യങ്ങൾ നേരിട്ട് അറിയിക്കാനും ഇതുവഴി സാധിക്കും.
അതേസമയം രാജ്യത്തിന്റെ വികസന, വൈജ്ഞാനിക, സാംസ്കാരിക, പാരമ്പര്യ മേഖലയിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇത് കൂടാതെ വിദ്യാഭ്യാസ മേഖലയിലെ ഉണർവും പരിഷ്കരണവും കാലഘട്ടത്തോട് അനുസരിച്ച് ക്രിയാത്മകമായി സംവദിക്കുന്ന തലമുറയെ രൂപപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കിരീടാവകാശിയുടെ നിർദേശം നടപ്പാക്കുന്നതിന് വേണ്ടി രാജ്യത്തെ മുഴുവൻ സർക്കാർ സ്കൂളുകൾക്കും വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ നിർദേശം നൽകിയിട്ടുണ്ട്.