ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തേയ്ക്ക് കുതിച്ച് എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിൾസിൽ കരിയറിലെ മികച്ച റാങ്കാണ് പ്രണോയ് സ്വന്തമാക്കിയിരിക്കുന്നത്. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം കരസ്ഥമാക്കിയ പ്രണോയ് മുമ്പ് ഏഴാം റാങ്കിലായിരുന്നു നിലയുറപ്പിച്ചിരുന്നത്. സിംഗിൾസ് റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമെന്ന നേട്ടവും പ്രണോയിക്ക് സ്വന്തമാണ്.
കഴിഞ്ഞവർഷം ഡിസംബർ മുതൽ മലയാളി താരമായ പ്രണോയ് ആദ്യ പത്ത് റാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട്. വനിതകളിൽ പി.വി.സിന്ധു 14-ാം സ്ഥാനത്താണ് ഇപ്പോൾ. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെൻ 12-ാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ കിഡംബി ശ്രീകാന്ത് ഇരുപതാം റാങ്കിൽ തുടരുകയാണ്. പുരുഷ ഡബിൾസിൽ സാത്വിക് – ചിരാഗ് സഖ്യം രണ്ടാം റാങ്ക് നിലനിർത്തിയപ്പോൾ വനിതാ ഡബിൾസിൽ ട്രീസ – ഗായത്രി സഖ്യം 2 സ്ഥാനം മെച്ചപ്പെടുത്തി 17-ാം റാങ്കിലേയ്ക്കുമെത്തി.