മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. നേരത്തെ ബിജെപിയുടെ ദേശീയ സെക്രട്ടറിയായിരുന്നു അനിൽ. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് നിയമന വിവരം അറിയിച്ചത്.
ജനുവരിയിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. കുറച്ച് മാസം മുൻപ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയെ ചൊല്ലി വിവാദം ഉയർന്നിരുന്നു. നരേന്ദ്ര മോദിയെയും ബിജെപിയെയും അനുകൂലിച്ചായിരുന്നു വിഷയത്തില്‍ അനില്‍ ആന്റണി രംഗത്തുവന്നത്. കോണ്‍ഗ്രസ് നിലപാടിന് എതിരായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഇതിനെ തുടർന്നായിരുന്നു രാജി. ഏപ്രിലില്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുകയും ചെയ്തു.
അതേസമയം ഈ മാസമാണ് ബിജെപി ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ നിയമിച്ചിരുന്നത്. അതിന് ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനിടെയാണ് ബിജെപി ദേശീയ വക്താവായുള്ള പുതിയ നിയമനം.