യുഎഇയിലെ ചുട്ടുപൊള്ളുന്ന വേനൽ ചൂടിന് ഇനി ആശ്വാസം. ശൈത്യകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. 40 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും രാജ്യത്ത് ശൈത്യകാലം ആരംഭിക്കുക. വരും ദിവസങ്ങളില്‍ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം പതിമൂന്ന് മണിക്കൂറില്‍ താഴെയായി കുറയുമെന്ന് യുഎഇ അസ്ട്രോണമി സെന്റര്‍ അറിയിച്ചു. ഒക്ടോബറോടെ രാവും പകലും തുല്യ ദൈര്ഘ്യത്തിലെത്തും. ഈ സമയങ്ങളില്‍ രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തും.
കിഴക്ക് പടിഞ്ഞാറന്‍ ചക്രവാളത്തിലാണ് സുഹൈല്‍ തെളിഞ്ഞത്. സുഹൈല്‍ നക്ഷത്രം തെളിയുന്നത് ചൂട് കുറയുന്നതിന്റെ സൂചനയായാണ് പരമ്പരാഗതമായി അറബ് ജനത കാണുന്നത്.
സുഹൈല്‍ എത്തിയാലും പെട്ടന്ന് ചൂടിന് ശമനമാകില്ല. ഘട്ടം ഘട്ടമായിട്ടായിരിക്കും രാജ്യത്തെ താപനിലയില്‍ മാറ്റം ഉണ്ടാവുക. സാധാരണ രീതിയില്‍ സുഹൈല്‍ ഉദിച്ച് 40 ദിവസത്തിന് ശേഷം ശൈത്യകാലം ആരംഭിക്കും. സിറിയസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമുളള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍.