69ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനുള്ള പ്രത്യേക പരാമർശം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാള സിനിമാ താരം ഇന്ദ്രൻസ്. ‘ഹോം’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രൻസിനെ തേടി പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. അതേസമയം സംസ്ഥാന അവാർഡ് പ്രഖ്യാപന സമയത്ത് പുരസ്കാരം കിട്ടാത്തതിൽ ദുഃഖം പ്രകടിപ്പിച്ച കാര്യം ഓർമിപ്പിച്ചപ്പോൾ അവാർഡ് കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമവും ഉണ്ടാവും, സാധാരണ മനുഷ്യനല്ലേ, എന്നായിരുന്നു ഇന്ദ്രൻസിന്റെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം.
അതേസമയം അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നും ദേശീയ അവാർഡ് വിതരണം ഒക്കെ കഴിഞ്ഞെന്നായിരുന്നു കരുതിയിരുന്നത് എന്നും ഇന്ദ്രൻസ് പറഞ്ഞു. എന്നാൽ ദേശീയ തലത്തിലുള്ള പുരസ്കാരം കൂടുതൽ ഉത്തരവാദിത്ത ബോധം ഏൽപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഉത്തരവാദിത്തം നേരത്തെ ഉള്ളതാണ്’ എന്നായിരുന്നു താരം പ്രതികരിച്ചു.
‘ഞാൻ ഇത്രയല്ലേ ഉള്ളൂ, എനിക്ക് പരിമിതികൾ ഒന്നുമില്ല, സെലക്ടീവാകാനൊന്നുമില്ല എന്നും ഇന്ദ്രൻസ് പറഞ്ഞു. ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്ത ‘ഹോം’ തന്നെയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും. റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്തത്.