ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന വാർത്ത. ബ്രസീലിയൻ സെൻസേഷൻ താരം നെയ്മർ ജൂനിയർ ഇന്ത്യയിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. 2023-24 എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ-ഹിലാലും മുംബൈ സിറ്റി എഫ്.സിയും ഗ്രൂപ്പ് ‘ഡി’യിൽ ഉൾപ്പെട്ടതിന് പിന്നാലെയാണ് നെയ്മർ ഇന്ത്യയിൽ കളിക്കുമെന്ന പ്രതീക്ഷ പുറത്ത് വരുന്നത്. ഇരു ക്ലബ്ബുകളും ഒരേ ഗ്രൂപ്പിലായതോടെ നെയ്മർ ഇന്ത്യയിലെത്താനുള്ള സാധ്യതയ്ക്ക് കൂടുതൽ ഉറപ്പ് ഉണ്ടാവുകയും ചെയ്തു. പൂനെയിലാണ് അൽ-ഹിലാൽ മുംബൈ സിറ്റി മത്സരം നടക്കുക.
അതേസമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോ നെയ്മറോ ഇന്ത്യയിലേക്ക് വരുമെന്നുള്ള കാര്യം ഉറപ്പായിരുന്നു. എന്നാൽ ഇവരിൽ ആരാവും എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഈ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്. ആദ്യമാണ് നെയ്മർ ഇന്ത്യയില്‍ ഔദ്യോഗിക മത്സരത്തില്‍ പന്ത് തട്ടുന്നത്.
2022 ഡിസംബറിൽ ഗോവയിൽ വച്ച് നടന്ന റെഡ് ബുൾ നെയ്മർ ജൂനിയേഴ്സ് ഫൈവ് വേൾഡ് ഫൈനൽ മത്സരത്തിനാണ് നെയ്മർ അവസാനമായി ഇന്ത്യയിൽ എത്തിയത്. അതേസമയം മുംബൈ സിറ്റിക്കും അൽ ഹിലാലിനും ഒപ്പം ഇറാന്റെ എഫ്സി നസാജി മസന്ദരനും ഉസ്ബെക്കിസ്ഥാൻ ക്ലബ് നവബഹോറും ഗ്രൂപ്പ് ഡിയിൽ ഇടം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.