വ്യക്തിവിവരം വെളിപ്പെടുത്താതെ പരാതി നൽകാൻ സൗകര്യമൊരുക്കി മെട്രാഷ് 2. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന ആപ്ലിക്കേഷനായ മെട്രാഷ് 2 വഴിയാണ് അൽ അദീദ് സേവനത്തിലൂടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ പരാതികൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കുക. പൊതു ധാർമ്മികത, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ലംഘനങ്ങൾ, ഭരണപരമായ അഴിമതി, ഭീഷണിപ്പെടുത്തൽ, നിഷേധാത്മകമായ പ്രവണതകൾ തുടങ്ങിയവയെക്കുറിച്ച് മെട്രാഷിലെ അൽ അദീദ് സേവനത്തിലൂടെ അധികൃതർക്ക് പരാതി നൽകാൻ സാധിക്കും.
മെട്രാഷ് 2 ആപ്ലിക്കേഷനിലെ അൽ അദീദ് സേവനത്തിൽ പരാതിക്കാരന് തന്റെ അഭിപ്രായങ്ങളും പരാതിയുടെ വിശദാംശങ്ങളും ചേർക്കാനും പരാതി സംബന്ധിച്ച ചിത്രം പങ്കുവെയ്ക്കാനും സാധിക്കും. മെട്രാഷ് 2 വിൽ കമ്യൂണിക്കേറ്റ് വിത്ത് അസ് എന്ന ലിങ്ക് വഴി അൽ അദീദ് സേവനം ലഭ്യമാകും. പൊതു സുരക്ഷ മുൻനിറുത്തിയാണ് മന്ത്രാലയം പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്.