ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ റിലീസിനെത്തുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായെത്തുന്ന കിങ് ഓഫ് കൊത്ത. ആഗസ്റ്റ് 24 ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് ഗംഭീര പ്രീബുക്കിങ്ങാണ് നടക്കുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ പല ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന് വ്യത്യസ്തമായ പ്രമോഷൻ പരിപാടികളാണ് അണിയറപ്രവർത്തകർ നടത്തുന്നത്.
ഇപ്പോഴിതാ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ‘കിങ് ഓഫ് കൊത്ത’യുടെ ട്രെയിലർ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ച വാർത്തയാണ് സിനിമലോകത്ത് ചർച്ചയാവുന്നത്. ഇത് ആദ്യമായാണ് മലയാള സിനിമയുടെ പ്രമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കുന്നത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദുൽഖർ സൽമാനാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ദുൽഖറിനോടൊപ്പം ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നിമീഷ് രവിയാണ് കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷാൻ റഹ്മാൻ, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് കിങ് ഓഫ് കൊത്തയുടെ നിർമാണം.