ടി20 ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സെപ്റ്റംബർ 15 മുതൽ 23 വരെ ഏഷ്യൻ ടൗണിലെ വെസ്റ്റ് എൻഡ് ഇന്റർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് 6 ഗൾഫ് രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുക. മത്സരത്തിന് മുന്നോടിയായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. ആദ്യമായാണ് ഗൾഫ് ടി20 മത്സരത്തിന് ഖത്തർ വേദിയാകുന്നത്.
ടൂർണമെന്റിൽ ആതിഥേയ രാജ്യമായ ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, യുഎഇ എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഓരോ വർഷവും ഓരോ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നിയമങ്ങൾക്കനുസരിച്ചാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ടി20 ഗൾഫ് ചാമ്പ്യൻഷിപ്പിന് പിന്നാലെ ഖത്തർ, കുവൈത്ത്, സൗദി എന്നീ രാജ്യങ്ങൾ സെപ്റ്റംബർ അവസാനം ഖത്തറിൽ ഐസിസി യോഗ്യതാ മത്സരത്തിലും പങ്കെടുക്കും. ബധിരർക്കുള്ള ഐസിസി ലോകകപ്പ്- ഡിഐസിസി ടി20 ലോകകപ്പിന് ഡിസംബറിൽ ഖത്തർ വേദിയാകും.