ഖത്തറിൽ മധ്യവേനൽ അവധി അവസാനിച്ച് സ്കൂൾ തുറക്കാൻ 12 ദിവസം മാത്രം അവശേഷിക്കെ സ്കൂളിലേയ്ക്ക് പോകാനൊരുങ്ങി വിദ്യാർത്ഥികൾ. 27 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിക്കും. വിദ്യാർത്ഥികൾക്ക് 27 മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നതെങ്കിലും അധ്യാപകർ 20ന് തന്നെ ജോലിയിൽ പ്രവേശിക്കണം. അവധിക്കാലത്തിന് ശേഷം സ്കൂളിലേയ്ക്കെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനാണ് അധ്യാപകർ നേരത്തെ ജോലിയിൽ പ്രവേശിക്കണമെന്ന് അധികൃതർ നിർദേശിച്ചിരിക്കുന്നത്.
ജൂൺ 22-നാണ് മധ്യവേനൽ അവധി ആരംഭിച്ചത്. 2 മാസത്തെ അവധിക്ക് ശേഷം പ്രവാസി കുടുംബങ്ങൾ നാട്ടിൽ നിന്നും ഖത്തറിലേയ്ക്ക് തിരികെ എത്തിത്തുടങ്ങിയിട്ടുണ്ട്. തിരുവോണത്തിന് ശേഷം തിരികെയെത്താൻ തയ്യാറായിരിക്കുന്നവരും നിരവധിയാണ്. അവധിക്ക് ശേഷം മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെ മാനസികമായും ശാരീരികമായും പഠനാന്തരീക്ഷത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ വിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ പരിചരണ കോർപ്പറേഷൻ എന്നിവയുടെ ബാക്ക് ടു സ്കൂൾ ക്യാമ്പയിൻ 27 മുതൽ സജീവമാകും.
ദോഹയിൽ അവധി ആഘോഷിക്കുന്ന വിദ്യാർത്ഥികൾക്കായി ഖത്തർ ടൂറിസത്തിന്റെ ടോയ് ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വിനോദ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഖത്തർ മ്യൂസിയം, ആസ്പയർ സോൺ, കത്താറ കൾചറൽ വില്ലേജ്, 3-2-1 ഖത്തർ ഒളിംപിക് ആന്റ് സ്പോർട്സ് മ്യൂസിയം എന്നിവിടങ്ങളിലെല്ലാം സ്കൂൾ വിദ്യാർത്ഥികൾക്കായി വേനൽ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ബാഗുകൾ, വാട്ടർ ബോട്ടിലുകൾ, സ്റ്റേഷനറി സാധനങ്ങൾ, പഠനത്തിനാവശ്യമായ മറ്റ് സാധനങ്ങളെല്ലാം വിൽക്കുന്ന ഷോപ്പുകളും ഇപ്പോൾ ഇവിടെ സജീവമാണ്.