തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും കടിഞ്ഞൂൽ കൺമണി പിറന്നു. ഇന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വെച്ചായിരുന്നു ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. 2022 സെപ്റ്റംബർ നാലിനാണ് നിയമസഭയിലെ പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവും രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യയും വിവാഹിതരായത്.
ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ച കാലം മുതലുള്ള സംഘടനാ പരിചയമാണ് ഇരുവരുടെയും വിവാഹത്തിലേക്കെത്തിയത്. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ 2020 ഡിസംബർ മാസത്തിലാണ് 21-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായി ആര്യ രാജേന്ദ്രൻ ചുമതലയേറ്റത്. പിന്നീട് അഞ്ച് മാസങ്ങൾക്ക് ശേഷം 27-ാം വയസിൽ സച്ചിൻ ദേവ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയായും ചുമതലയേറ്റു.
2022 സെപ്റ്റംബറിൽ തിരുവനന്തപുരം എ.കെ.ജി. സെന്ററിൽ ഒരുങ്ങിയ പ്രത്യേക വേദിയിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ചുവന്ന രക്തഹാരം പരസ്പരം അണിയിച്ചാണ് ആര്യയും സച്ചിനും വിവാഹിതരായത്. പാർട്ടി ചടങ്ങുകൾ പ്രകാരം അടുത്ത ബന്ധുക്കളും നേതാക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.