ഉമ്മൻചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടന്ന പുതുപ്പള്ളി സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ സെപ്തംബർ എട്ടിന്. പുതുപ്പള്ളി ഉൾപ്പെടെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി. ആഗസ്റ്റ് 18 ന് നാമനിർദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21 നാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി.
കേരളത്തിന് പുറമേ ജാർഖണ്ഡിലെ ധൂമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ മണ്ഡലങ്ങൾ, പശ്ചിമ ബംഗാളിലെ ധൂപ്ഗുരി, ഉത്തർപ്രദേശിലെ ഗോസി, ഉത്തരാഖണ്ഡിലെ ഭാഗേശ്വർ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനേയും സിപിഐഎം സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനേയുമാണ് പ്രതീക്ഷിക്കുന്നത്.