യുഎഇയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലും കാറ്റിലും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനവുമായി ഷാർജ പൊലീസ്. നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസിന് അപേക്ഷിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കായി ഷാർജ പൊലീസിന്‍റെ ആപ് വഴി അപേക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതേക്കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വിഡിയോയും ഷാർജ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.
അതേസമയം ഇൻഷുറൻസ് കമ്പനിയുമായുള്ള ഉടമ്പടിയിൽ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട നിബന്ധനകൾ ഇല്ലാതിരുന്നതിനാൽ പൊലീസ് സ്റ്റേഷനുകളിൽനിന്ന് റിപ്പോർട്ട് ലഭിച്ചിട്ടും പലർക്കും ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായാണ് ഓൺലൈൻ സംവിധാനം പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.
വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, അഗ്നിപർവത സ്ഫോടനങ്ങൾ, ഭൂകമ്പങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് എതിരെ അധിക കവറേജ് ഉൾപ്പെടുത്തിയവർക്കാണ് ഇത്തരത്തിലുള്ള ക്ലെയിം ചെയ്യാൻ സാധിക്കുക. കൂടാതെ ആളുകൾ അവരുടെ വാഹനങ്ങൾ ശരിയാക്കുന്നതിനുള്ള ഇൻഷുറൻസ് കരാറിൽ ഈ നിബന്ധന ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് അറിയിച്ചു.