ഖത്തറിന്റെ പ്രാദേശികവും പരമ്പരാഗതവുമായ രുചികൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന വീഡിയോ സീരിസുമായി ഖത്തർ മ്യൂസിയം. അകിൽന എന്ന പേരിൽ 4 ഭാഗങ്ങളിലായാണ് ഖത്തർ മ്യൂസിയം വീഡിയോ സീരിസ് പുറത്തിറക്കുന്നത്. പ്രശസ്ത പാചക വിദഗ്ധ നൂഫ് അൽമാരിയാണ് വിഭവങ്ങൾ പരിചയപ്പെടുത്തുന്നത്. ഓരോ പരമ്പരാഗത വിഭവങ്ങളുടെയും പിന്നിലെ കഥകൾ സഹിതമാണ് ചേരുവകളും പ്രത്യേകതകളും വിവരിക്കുന്നത്.
ഷെഫ് നൂഫ് അൽമാരിയുടെ പാചക ജീവിതത്തിലെ അനുഭവങ്ങളും സീരിസിൽ തുറന്നുപറയുന്നുണ്ട്. മദൂബ എന്ന ആദ്യ സിരിസിൽ ഖത്തറിന്റെ പരമ്പരാഗത വിഭവമായ മദൂബയാണ് പരിചയപ്പെടുത്തുന്നത്. ബാരൺയൂഷ് എന്ന രണ്ടാമത്തെ എപ്പിസോഡിൽ കടൽ വിഭവങ്ങളോടുള്ള ഖത്തറിന്റെ താത്പര്യമാണ് വ്യക്തമാക്കുന്നത്. ഗ്രിൽ ചെയ്ത മീനും വേവിച്ച ചോറും അതിനു മീതെ ഈന്തപ്പഴം സിറപ്പ് കൊണ്ടുള്ള അലങ്കാരവുമടങ്ങുന്ന വിഭവമാണ് ബാരൺയൂഷ്.
ഖത്തറിന്റെ പരമ്പരാഗത വിഭവങ്ങളിൽ പഞ്ചസാരയ്ക്ക് പകരമായി ആരോഗ്യത്തിന് ഗുണപ്രദമായ ഈന്തപ്പഴ സിറപ്പ് എങ്ങനെ സ്ഥാനം പിടിച്ചുവെന്നും ഷെഫ് നൂഫ് അൽമാരി സീരിസിൽ വിശദമാക്കുന്നുണ്ട്. ഖത്തർ മ്യൂസിയത്തിന്റെ യുട്യൂബിലും വെബ്സൈറ്റിലും അകിൽന വീഡിയോ ലഭ്യമാക്കും.