യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഈ മാസം 27 മുതൽ അടുത്ത മാസം 3 വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ചോദ്യം ചെയ്യാം. ഈ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനും കോടതിയുടെ നിർദേശമുണ്ട്.
കേരളം വിടരുതെന്നും വിജയ് ബാബുവിനോട് കോടതി നിർദേശിച്ചു. പരാതിക്കാരിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതിയുടെ ഉപാധി ഉണ്ട്.
മുൻപ് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പ് ശ്രമം നടത്തിയതായി യുവനടി വെളിപ്പെടുത്തിയിരുന്നു. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിജയ് ബാബുവിനും പോലീസിനുമെതിരെ വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്നാണ് അദ്ദേഹം വിമർശിച്ചത്.