ഇ-സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ഖത്തർ. വാഹനാപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നവർക്ക് പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർ ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായാണ് യാത്രയ്ക്കിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം വിലക്കിയിരിക്കുന്നത്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇതിന് പുറമെ ഇ-സ്കൂട്ടറിൽ ഒറ്റയ്ക്ക് മാത്രമേ സഞ്ചരിക്കാൻ പാടുള്ളു, സ്കൂട്ടർ ഓടിക്കുന്നതിനിടെ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യരുത്, മറ്റ് റോഡ് ഉപയോക്താക്കളുമായി നിശ്ചിത അകലം പാലിക്കണം, ഭാരമേറിയ സാധനങ്ങളുമായി സ്കൂട്ടർ ഓടിക്കരുത്, വളവുകൾ തിരിയുമ്പോൾ പിറകെ വരുന്ന വാഹനങ്ങൾക്ക് കൈകൊണ്ട് സിഗ്നൽ നൽകണം, ഇ-സ്കൂട്ടറുകൾക്ക് അനുവദിച്ചിരിക്കുന്ന പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ, സേഫ്റ്റി ഉപകരണങ്ങൾ ധരിക്കണം, യാത്രയ്ക്ക് മുമ്പ് സ്കൂട്ടറിന്റെ ബ്രേക്ക് പരിശോധിക്കണം, സിഗ്നലുകൾ പാലിച്ച് വേണം സവാരി നടത്താൻ തുടങ്ങിയ കർശന നിർദേശങ്ങളാണ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.