ഡെലിവറിക്ക് കൊണ്ട് പോയ ഭക്ഷണം പൊതു സ്ഥലത്ത് വച്ച് കഴിക്കുന്ന തലാബത്ത് ഡെലിവറി ജീവനക്കാരന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ഡെലിവറി ജീവനക്കാരൻ തന്റെ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തതിന് ശേഷം ഡെലിവറി കാരിയേജ് തുറന്ന് ഉപഭോക്താവിനുള്ളതെന്ന് തോന്നുന്ന ഭക്ഷണം കഴിക്കുന്നതായി വീഡിയോയിൽ കാണാം.
ദൃശ്യങ്ങൾ സമൂഹ മാധ്യമമായ എക്സിൽ ( ട്വിറ്ററിൽ) വൈറലാണ്. ഇതോടെ നിരവധി യുഎഇ നിവാസികൾ വിഡിയോ പങ്കുവയ്ക്കുകയും അധികൃതരെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾക്ക് എതിരെ നടപടി ആവശ്യപ്പെട്ടും നിരവധി പേർ രംഗത്ത് എത്തി. ഇതേ തുടർന്ന് വിഡിയോ യുഎഇയിൽ നിന്നുള്ളത് അല്ലെന്ന് തലാബത്ത് സ്ഥിരീകരിച്ചു. ഈ വിഡിയോ ബഹ്‌റൈനിൽ നിന്നുള്ളതാണെന്നും തലബാത്ത് അറിയിച്ചു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തലബാത്തിന്റെ ആരോഗ്യ-സുരക്ഷാ നയങ്ങൾക്ക് വിരുദ്ധമാണ്. ഇത് കാൻസൽ ചെയ്ത ഓർഡറിൽ നിന്നുള്ള ഭക്ഷണമാണെന്നാണ് സൂചന. എന്തായാലും അന്വേഷണ നടപടികളുടെ ഭാഗമായി ജീവനക്കാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്ന് തലബാത്ത് അധികൃതർ അറിയിച്ചു.
അതേസമയം ഡെലിവറിക്കുള്ള ഭക്ഷണമാണെങ്കിൽ അത് പൊതു സ്ഥലത്ത് വച്ച് ജീവനക്കാരൻ ഒരിക്കലും ഭക്ഷിക്കില്ലെന്ന് ചിലർ സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു. എന്നാൽ ഡെലിവറിക്കുള്ള ഭക്ഷണ പൊതികളിൽ കൂടുതൽ സുരക്ഷാ സംവിധാനം വേണമെന്നാണ് മറ്റ് ചിലർ ആവശ്യപ്പെട്ടത്. അതിനുള്ള നിർദേശങ്ങളും അവർ സമൂഹ മാധ്യമത്തിൽ മുന്നോട്ട് വച്ചു.